
ന്യൂയോർക്ക്/ദോഹ: ഗൾഫ് രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാൻ നടത്തുന്ന സായുധ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അംഗീകരിച്ചു. ഉടൻ തന്നെ ശത്രുത അവസാനിപ്പിക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രമേയം ഇറാനോട് ആവശ്യപ്പെട്ടു.ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ സുരക്ഷാ കൗൺസിലിലെ 15 അംഗങ്ങളിൽ 13 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഗൾഫ് സഹകരണ കൗൺസിൽ (GCC) സ്പോൺസർ ചെയ്ത ഈ പ്രമേയത്തെ ഐക്യരാഷ്ട്രസഭയിലെ മറ്റ് 135 അംഗരാജ്യങ്ങൾ പിന്താങ്ങി എന്നത് ശ്രദ്ധേയമാണ്. സുരക്ഷാ കൗൺസിലിന്റെ ചരിത്രത്തിൽ ഇത്രയധികം രാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്ന ആദ്യ പ്രമേയമാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് റഷ്യയും ചൈനയും വിട്ടുനിന്നെങ്കിലും, തങ്ങളുടെ വീറ്റോ (Veto) അധികാരം ഉപയോഗിച്ച് പ്രമേയത്തെ തടയാൻ അവർ മുതിർന്നില്ല. ലോകരാജ്യങ്ങളുടെ വലിയ പിന്തുണ പ്രമേയത്തിന് ഉള്ളതിനാലാണ് ഈ പിന്മാറ്റമെന്ന് കരുതപ്പെടുന്നു.പ്രമേയത്തെ എതിർത്ത് ഒരു രാജ്യം പോലും വോട്ട് ചെയ്തില്ല.ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന എല്ലാവിധ സൈനിക നീക്കങ്ങളും ഉടനടി അവസാനിപ്പിക്കണം,തുറമുഖങ്ങൾ, ഊർജ്ജ കേന്ദ്രങ്ങൾ തുടങ്ങിയ സിവിൽ ഇൻഫ്രാസ്ട്രക്ചറുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളെ പ്രമേയം ശക്തമായി അപലപിച്ചു.അംഗീകരിക്കപ്പെട്ടതോടെ ഈ പ്രമേയം അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമായി മാറി. ഇത് ലംഘിക്കുന്നത് ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾക്കും നടപടികൾക്കും വഴിവെച്ചേക്കാം.ഇറാൻ ഇത് അനുസരിക്കുമോ എന്നതാണ് വരും ദിവസങ്ങളിൽ ലോകം ഉറ്റുനോക്കുന്നത്," യുഎൻ ആസ്ഥാനത്തുനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ നയതന്ത്ര വിജയമായാണ് ഈ നീക്കംവിലയിരുത്തപ്പെടുന്നത്.











